യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന എപ്പിസ്‌കോപ്പൽ സിനഡ് ഇന്ന് മസ്‌കറ്റിൽ

യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന എപ്പിസ്‌കോപ്പൽ സിനഡിന് ഇന്ന് മസ്‌കറ്റിൽ തുടക്കം. രണ്ട് ദിവസമായി നടക്കുന്ന സിനഡിൽ ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അധ്യക്ഷത വഹിക്കും. സുന്നഹദോസിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള 31 മെത്രാപ്പോലീത്തമാർ രാവിലെ നെടുമ്പാശേരിയിൽ നിന്ന് ഖത്തറിലേയ്ക്ക് യാത്ര തിരിച്ചു. അനാരോഗ്യത്തെ തുടർന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ സംബന്ധിക്കില്ല.

സഭാ തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ യാക്കോബായ സഭയുടെ എപ്പിസ്‌കോപ്പൽ സിനഡ് മസ്‌കറ്റിൽ നടക്കുന്നത്. സഭയെ സംബന്ധിച്ച് സിനഡിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണു സൂചന.

മസ്‌കറ്റിലെ മർത്തശ്മൂനി സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇന്ത്യൻ സമയം വൈകുന്നേരം നാലരക്ക് ആരംഭിക്കുന്ന സിനഡ് നാളെ രാത്രി വരെ തുടരും. മെത്രാന്മാരോട് ബെയ്റൂട്ടിൽ എത്താനായിരുന്നു നേരത്തെ നിർദേശം നൽകിയിരുന്നത്. എന്നാൽ പിന്നീട് സിനഡ് മസ്‌കറ്റിലേക്ക് മാറ്റുകയായിരുന്നു.

പാത്രിയർക്കീസ് ബാവയോടൊപ്പം സിറിയൻ ബിഷപ്പുമാരും എപ്പിസ്‌കോപ്പൽ സുന്നഹദോസിൽ പങ്കെടുക്കുമെന്നാണ് വിവരം.സഭാ തർക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചർച്ചയാവുക. കോടതിവിധിയെ തുടർന്ന് പള്ളികൾ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ വിലയിരുത്തും. മൃതസംസ്‌കാരം പോലും അനുവദിക്കാത്തത് നീതി നിഷേധമാണെന്നാണ് സഭയിലെ പൊതുവികാരം. ഓർത്തഡോക്സ് വിഭാഗവുമായി ഇനി യാതൊരു വിധത്തിലും ബന്ധം വേണ്ടെന്നാണ് യാക്കോബായ സഭയുടെ നിലപാട്.

എന്നാൽ സിനഡിനുശേഷം പാത്രിയാർക്കിസ് ബാവ പള്ളി തർക്കത്തിലെ ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട് ആരാഞ്ഞേക്കും. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ബാവ മുൻകൈയ്യെടുക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഓർത്തഡോക്സ് സഭ തയ്യാറായേക്കില്ല.

 

yakobaya, episcopal sinad, muscat‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More