ഇന്ത്യ – ബംഗ്ലാദേശ് ഡേ ആന്‍ഡ് നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്

ചരിത്ര ടെസ്റ്റിനൊരുങ്ങി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്. 1932 ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ആരംഭിച്ച ഇന്ത്യന്‍ ടെസ്റ്റ് ചരിത്രം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിനായി കൊല്‍ക്കത്ത നഗരവും ഈഡന്‍ ഗാര്‍ഡന്‍ മൈതാനവും ഒരുങ്ങിക്കഴിഞ്ഞു.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്ക് തുടങ്ങുന്ന മാച്ച് രാത്രി എട്ടുമണിക്കാണ് അവസാനിക്കുക. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയും സംഘവും ഈഡന്‍ ഗാര്‍ഡനിലും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്.

ടോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് ആര്‍മിയുടെ പാരാട്രൂപ്പര്‍മാര്‍ ഈഡന്‍ ഗാര്‍ഡനിലേക്ക് പറന്നിറങ്ങി പിങ്ക് പന്തുകള്‍ കൈമാറും. രാത്രിയില്‍ കാണുന്നതിനു വേണ്ടിയാണ് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റുകളില്‍ പിങ്ക് പന്ത് ഉപയോഗിക്കുക. ചുവന്ന പന്തുകളേക്കാള്‍ സ്വിംഗ് ലഭിക്കുമെന്നതിനാല്‍ പേസര്‍മാരാകും ശ്രദ്ധാകേന്ദ്രം.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ചേര്‍ന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ മണി മുഴക്കുന്നതോടെ മത്സരത്തിനു തുടക്കമാകും. മത്സരത്തിന്റെ ഇടവേളയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫാബുലസ് ഫൈവാണ് ശ്രദ്ധേയം.

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വി വിഎസ് ലക്ഷ്മണ്‍ എന്നീ അഞ്ച് താരങ്ങള്‍ ഈഡനിലെ ഓര്‍മകള്‍ പങ്കുവയ്ക്കും. മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റുകഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More