Advertisement

‘മകളുടെ പിളർന്ന ശിരസ് കൂട്ടിപ്പിടിച്ച് മടിയിൽ കിടത്തി കരയുന്ന വാപ്പ; ഇനിയൊരു ഫാത്തിമ നജീബ് മണ്ണിൽ ആവർത്തിക്കാതിരിക്കട്ടെ’; കുറിപ്പ്

November 22, 2019
Google News 1 minute Read

വാഹനാപകടങ്ങളിൽ റോഡിലും ആശുപത്രികളിലുമായി ജീവൻ പൊലിയുന്ന എത്രയോ വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള വേദനയാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നൽകുന്നത്. അമിത വേഗത്തിൽ റോങ് സൈഡിലൂടെ വന്ന കെഎസ്ആർടിസി ബസ് ഒരു കുടുംബത്തിന്റെ പ്രതീക്ഷ ഇല്ലാതാക്കിയ വേദനിപ്പിക്കുന്ന അനുഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നങ്യാർകുളങ്ങരയിലായിരുന്നു അപകടം.

വാട്‌സ്ആപ്പ് ഫോർവേഡായി പങ്കുവയ്ക്കപ്പെട്ട മെസേജ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളും ഏറ്റെടുത്തു. സെലിസ്‌പോട്ട് മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇനിയും എത്ര ജീവനുകൾ റോഡിൽ പൊലിഞ്ഞാലാണ് അധികൃതർ കണ്ണ് തുറക്കുക എന്ന് കുറിപ്പിൽ ചോദിക്കുന്നു. കെഎസ്ആർടിസിക്ക് ആര് മൂക്ക് കയറിടുമെന്നും ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദയവ് ചെയ്ത് എല്ലാവരും ഇത് മുഴുവനായും വായിക്കണം, ഇതൊരു അപേക്ഷയാണ്… ഇത് വായിച്ചിട്ട് നിങ്ങളുടെ മനസാക്ഷിക്ക് നിരക്കുന്നതാണ് എന്ന് തോന്നിയാൽ ഇത് പരമാവധി ആളുകളിലേക്ക് എത്തിക്കുക… പെങ്ങൾ നഷ്ടപ്പെട്ട ഒരു സഹോദരന്റെ അപേക്ഷയാണ്…

ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ!

പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരിൽ ഇടേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ പൊന്നുമോൾ മരിച്ചതല്ല, അവളെ ആ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, അനിൽ കുമാർ, കൊന്നതാണ്. എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യുവിൽ ജീവന് വേണ്ടി മല്ലിടുന്നു.

മകളുടെ പിളർന്ന ശിരസ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ. മകൾ മരിച്ചത് ഉമ്മായെ അറിയിക്കാതെ ജീവന്റെ തുടിപ്പ് മകനിൽ ബാക്കിയുണ്ടെന്ന് ഉറപ്പ് വരുത്തിയ വാപ്പ റോഡിലൂടെ ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു. കൂടെ കിടന്നുറങ്ങിയ മോൾ മരിച്ചതറിയാതെ നിലവിളിക്കുന്ന ഉമ്മയും.

ഇതൊക്കെ എങ്ങനെ സംഭവിച്ചു??? ഇതിനൊക്കെ ആരാണ് ഉത്തരവാദി???

റോഡില്ലാതെ റോഡ് ടാക്‌സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെൽമെറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാൻ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെ.എസ്.ആർ.ടി.സി ബസിനൊരു കടിഞ്ഞാണിടാൻ ഇവിടെ ഒരു നിയമമോ, നിയമ പാലകരോ ഇല്ല.

നങ്യാർകുളങ്ങര അപകടം (11/11/2019) നടന്നതെങ്ങനെ???

എന്റെ അനിയൻ അലി 70kmph മുകളിൽ സ്പീഡിൽ വണ്ടി ഓടിച്ച് ഞാൻ കണ്ടിട്ടില്ല. അന്നത്തെ ദിവസം ഹരിപ്പാട് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് മോശമായത് കൊണ്ട് അലി 40-50 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ കേറിയിട്ടില്ല. പതുക്കെ പോയതിന് അവനെ വണ്ടിയിൽ വെച്ച് അവന്റെ വാപ്പ (എന്റെ കൊച്ചാപ്പ) ചോദിച്ചിരുന്നു. അപ്പോൾ അവന്റെ മറുപടി ‘റോഡ് മോശമല്ലേ വാപ്പിച്ച, നമുക്ക് പതുക്കെ പോകാം, വാപ്പിച്ചാക്ക് വയ്യാതെയും ഇരിക്കുവല്ലേ??? (ഒരു മാസം മുമ്പ് കൊച്ചാപ്പാക്ക് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതിന്റെ ചെക്കപ്പിന് പോയി മടങ്ങുന്ന വഴിയാണ് അപകടം). ഇത്രയൊക്കെ സൂക്ഷ്മതയോടെ വന്നിട്ടും ഈ വണ്ടി എങ്ങനെ അപകടത്തിൽ പെട്ടു???

അലിയുടെ കാറിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസ്സ് (KL-15-A1996) സൂപ്പർ ഡീലക്‌സ് എയർ ബസ് കണ്ടെയ്‌നർ ലോറിയെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് തന്റെ നേർക്ക് പാഞ്ഞു വരുന്ന ബസിനെ കണ്ട് അലി തന്റെ വാഹനം പരമാവധി റോഡിൽ നിന്നും ഇറക്കിയിട്ടും കാറിന്റെ ഒരു വശം മുഴുവനായി തകർത്ത് ബസ് വീണ്ടും മുന്നോട്ട് പാഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ബസിലെ യാത്രക്കാർ അറിയുമ്പോഴേക്കും ബസ് റോങ്് സൈഡ് കേറി അര കിലോമീറ്ററോളം പിന്നിട്ടിരുന്നു. തുടർന്നുണ്ടായ ഗതാഗത തടസ്സം മൂലം ബസ്സ് ഹെഡ് ലൈറ്റ് പോലും ഓഫ് ആക്കാതെ ബസ്സ് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിനാൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന യാത്രക്കാരുടെ വെളിപ്പെടുത്തൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായ ഡ്രൈവറെ മതിയായ തെളിവുകളില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ ആർക്ക് എന്താണ് നഷ്ടം???

ഈ ബസ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേണ്ടിയുള്ള മരണ പാച്ചിലിൽ ലാഭിച്ചേക്കാവുന്ന ഇരുപതോ മുപ്പതോ മിനുട്ടിന് വേണ്ടി ഒരു കുടുംബത്തിന്റെ ഇരുപത് വർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിഞ്ഞത്.

പ്രതിദിനം കേരളത്തിൽ അങ്ങോളം ഇങ്ങോളം ശരാശരി ഒരാളെങ്കിലും ഗടഞഠഇ ഡ്രൈവരന്മാരുടെ ധാർഷ്ട്യത്തിന്റെ മുന്നിൽ ഇരയാകുന്നു. അഥവാ രക്ഷപ്പെട്ടാൽ വൈകല്യമുള്ള ഒരു ശരീരവുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെടുന്നു.

ഇനിയും എത്ര ജീവനുകൾ റോഡിൽ പൊലിഞ്ഞാലാണ് അധികൃതർ കണ്ണ് തുറക്കുക??? കെഎസ്ആർടിസിക്ക് ആര് മൂക്ക് കയറിടും??? കെഎസ്ആർടിസി ബസുകൾ ഇടിച്ച് മരണ സംഖ്യ എത്ര തന്നെ കൂടിയാലും ചുരുങ്ങിയ കാലത്തേക്കുള്ള സസ്‌പെൻഷൻ എന്ന പ്രഹസനം എന്നവസാനിക്കും??? സസ്‌പെൻഷൻ കഴിഞ്ഞാൽ ആ കാലയളവിലെ ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകി തിരിച്ചെടുക്കുന്നു. കെഎസ്ആർടിസി ബസ് ഡ്രൈവർമാർക്ക് കൊലയാളികളാകാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്???

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here