ഷഹ്‌ല ഷെറിന്റെ മരണം: ഒത്തൊരുമിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തിവിശി. കെഎസ്‌യു, എഫ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

എസ്എഫ്‌ഐ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. കല്‍പറ്റ ജില്ലാ ആസ്ഥാനത്തുനിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റിലേക്ക് എത്തിയത്. പൊലീസിന്റെ എണ്ണം കുറവായിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് ഇരച്ചുകയറിയത്. അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം പ്രതിഷേധം അവസാനിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പ്രധാന അധ്യാപകനും കുറ്റക്കാരായ മുഴുവന്‍ അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം.

പ്രതിഷേധവുമായി കെഎസ്‌യു

കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കളക്ടറേറ്റിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് ഡിഡി ഓഫീസിലേക്ക് പ്രതിഷേധം കേന്ദ്രീകരിച്ചു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് മാര്‍ച്ച് നടത്തിയത്. കളക്ടറേറ്റ് കവാടം അടച്ചതിനെത്തുടര്‍ന്ന് ജില്ലാ ട്രെഷറി കെട്ടിടത്തിനു നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കളക്ടറേറ്റിലേക്കുള്ള മൂന്ന് കവാടങ്ങളും അടച്ചിരിക്കുകയാണ്. പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. ഷഹ്‌ലയ്ക്ക് നീതി ലഭിക്കണം, കുറ്റക്കാര്‍ക്കെതിരെ നടപടി വേണം എന്നാണ് ആവശ്യം. പൊലീസ് ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

എബിവിപി പ്രതിഷേധം

ഷഹ്ല ഷെറിന്റെ മരണത്തില്‍ പ്രതിഷേധവുമായി പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടറേറ്റിലേക്കാണ് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കളക്ടറേറ്റിന്റെ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. ഇതോടെ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top