ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും

വയനാട് ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കും. ഇതിനായി നാളെ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. നഗരസഭയാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. അതിനിടെ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബത്തേരിയില്‍ സര്‍വകക്ഷി യോഗം നടക്കുകയാണ്.

ക്ലാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ച. പിടിഎ ഭാരവാഹികളും നഗരസഭാ അധികൃതരും രക്ഷിതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് തീരുമാനം.

30 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ കൂടി അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് തീരുമാനമായത്.

Read More:ഷഹ്‌ല ഷെറിന്റെ മരണം: സ്‌കൂളിനും അധ്യാപകർക്കുമെതിരെ നിലകൊണ്ട വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി

നവംബര്‍ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top