തുടർച്ചയായ നാലാം ടെസ്റ്റിലും ഇന്നിംഗ്സ് ജയം; ഇന്ത്യക്ക് റെക്കോർഡ്

തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഇന്നിംഗ്സ് ജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോർഡ് ഇനി വിരാടിനും സംഘത്തിനും സ്വന്തം. ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ വിജയിച്ചതോടെയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയത്തിനാണ് ഈഡൻ ഗാർഡൻസ് സാക്ഷിയായത്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലുമാണ് ഇന്ത്യ ഇന്നിംഗ്സ് ജയം കുറിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 137 റൺസിനും വിജയിച്ച ഇന്ത്യ മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 202 റൺസിനും പ്രോട്ടീസിനെ കെട്ടുകെട്ടിച്ച് പരമ്പര തൂത്തുവാരി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിനു വിജയിച്ചിരുന്നു. ശേഷം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ജയം ഇന്നിംഗ്സിനും 130 റൺസിനും വിജയിച്ച ഹാട്രിക്ക് തികച്ചു. ഇന്ന് അവസാനിച്ച ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റിലാവട്ടെ ഇന്നിംഗ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യൻ ജയം.

ഇതോടൊപ്പം ഇന്ത്യയിൽ നടന്ന ഒരു ടെസ്റ്റിൽ എല്ലാ വിക്കറ്റുകളും പേസർമാർ വീഴ്ത്തുന്ന അപൂർവതക്കും പിങ്ക് ടെസ്റ്റ് സാക്ഷിയായി. ആദ്യമായാണ് സ്പിന്നർമാരുടെ സഹായമില്ലാതെ ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. രണ്ട് ഇന്നിംഗ്സുകളിലായി 9 വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ്മ കളിയിലെ താരമായപ്പോൾ ഉമേഷ് യാദവ് എട്ടും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സിൽ 106 റൺസിനു പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി വിരാട് കോലി സെഞ്ചുറി നേടിയപ്പോൾ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ അർധസെഞ്ചുറികൾ നേടി. രണ്ടാം ഇന്നിംഗ്സിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 241 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശ് 195 റൺസിന് പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top