‘ഓസ്ട്രേലിയയിൽ വന്ന് കളിക്കാൻ കഴിയുമോ?’; കോലിയെ വെല്ലുവിളിച്ച് ഓസീസ് ക്യാപ്റ്റൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഗംഭീര പ്രകടനം തുടരുന്ന ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ. ഗാബയിൽ വന്ന് ടെസ്റ്റ് മത്സരം കളിക്കാൻ കഴിയുമോ എന്ന് കോലിയോട് ചോദിക്കുമെന്നാണ് പെയ്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പാകിസ്താനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ വിജയിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത വര്‍ഷം ഇന്ത്യയെ ഗാബയില്‍ ടെസ്റ്റ് കളിക്കാന്‍ കൊണ്ടു വരുന്നതിനായി തങ്ങള്‍ ശ്രമിക്കും. കോലി കൂടി മനസ്സു വച്ചാല്‍ മാത്രമേ ഇതു നടക്കുകയുള്ളൂ. ഗാബയില്‍ ടെസ്റ്റ് കളിക്കാന്‍ തയ്യാറാണോയെന്ന കാര്യത്തില്‍ കോലിയില്‍ നിന്നും ഏതെങ്കിലുമൊരു ഘട്ടത്തില്‍ തങ്ങള്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്. വേനമെങ്കിൽ ഒരു പിങ്ക് ബോള്‍ ടെസ്റ്റിനും തങ്ങള്‍ തയ്യാറാണ്”- പെയ്ന്‍ പറഞ്ഞു.

ഇന്ത്യ ഇതുവരെ ജയിക്കാത്ത വേദിയാണ് ഗാബ അഥവാ ബ്രിസ്ബേൻ ക്രിക്കറ്റ് ഗ്രൗണ്ട്. ഗാബയിലെ ഉയർന്ന ബൗൺസ് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചിരുന്നു. ഇവിടെ ആറു ടെസ്റ്റുകൾ കളിച്ച ഇന്ത്യ അഞ്ചിലും പരാജയപ്പെട്ടു. ഒരെണ്ണം സമനിലയായി. 1988നു ശേഷം ഓസ്ട്രേലിയ തോൽവിയറിയാത്ത ഗ്രൗണ്ട് കൂടിയാണ് ഗാബയിലേത്.

കഴിഞ്ഞ വർഷം ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 2-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോൾ ഗാബയിൽ കളി ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടമായിരുന്നു അത്. ഒരു ടെസ്റ്റ് ഗാബയിൽ നടക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഷെഡ്യൂളിൽ ഗാബ ഒഴിവാക്കപ്പെട്ടു. ഇത് ഇന്ത്യ ഇപ്രകാരം ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് അന്ന് ചില ഓസീസ് മാധ്യമങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top