സംസ്ഥാന സ്കൂൾ കലോത്സവം; അപ്പീലിന്റെ പേരിൽ അധ്യാപക സംഘടനകൾ കോടികൾ തട്ടുന്നതായി ആക്ഷേപം

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലിന്റെ പേരിൽ അധ്യാപക സംഘടനകൾ കോടികൾ തട്ടുന്നതായി ആക്ഷേപം. സർക്കാരിന് മുന്നിൽ കണക്കുകൾ അവതരിപ്പിക്കാതെയാണ് ഈ കള്ളക്കളി നടക്കുന്നത്. വിധികാർത്താക്കളെ സ്വാധീനിക്കാനും സംഘാടകർ വഴി ശ്രമം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
ഉപജില്ലാ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ അപ്പീലുകൾക്കായി സ്വീകരിക്കുന്ന തുക സർക്കാരിലേക്ക് അടക്കുന്നില്ല. അനർഹരായവർക്ക് അപ്പീൽ അനുവദിച്ചു കിട്ടാൻ ആയിരങ്ങളാണ് അധ്യാപക സംഘടനാ നേതാക്കൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ ഇടപെട്ട് ലോകായുക്തയിൽ പരാതി നൽകിയിട്ടും മറുപടി ലഭിക്കുന്നില്ലെന്നാണ് കുട്ടികളുടെ പരിശീലകൻ കൂടിയായ കലാഭവൻ നൗഷാദിന്റെ പരാതി.
മത്സരാർഥികളിൽ നിന്ന് വാങ്ങിക്കുന്ന 5000 രൂപയുടെ കോഷൻ ഡെപ്പോസിറ്റ് തുകയ്ക്കും സ്പോണ്സർമാരിൽ നിന്നു സ്വീകരിക്കുന്ന തുകയ്ക്കും കണക്കില്ല. കലയിൽ പ്രാവീണ്യം ഇല്ലാത്ത അധ്യാപകരെ പോലും വിധികർത്താക്കളാക്കുന്നതും വർഷങ്ങളായുള്ള പതിവാണ്. വെളിപ്പെടുത്തലുകൾ നിരവധിയുണ്ടായിട്ടും സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.ചിലർക്ക് കോടികൾ തിരിമറിനടത്താനായി വിദ്യാഭ്യാസ വകുപ്പ് കൂട്ട് നിൽക്കുകയാണെന്നും നൗഷാദ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here