ജെഎന്‍യുവിലെ സമരം: ഉന്നതാധികാര സമിതി ഇന്ന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും

ജെഎന്‍യുവിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചേക്കും. വിദ്യാര്‍ത്ഥികളുമായും സര്‍വകലാശാല അധികൃതരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശുപാര്‍ശകള്‍ തയാറാക്കിയിരിക്കുന്നത്. അതേസമയം ശുപാര്‍ശകള്‍ അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

യുജിസി മുന്‍ അധ്യക്ഷന്‍ വി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുക. സമിതി നേരിട്ട് വിദ്യാര്‍ത്ഥികളുമായും ജെഎന്‍യു അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശകള്‍ തയാറാക്കിയിരിക്കുന്നത്. രേഖാമൂലം വിദ്യാര്‍ത്ഥികള്‍ക്കും ശുപാര്‍ശകള്‍ കൈമാറും.

സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ഉത്തരവിറക്കേണ്ടത് മാനവ വിഭവശേഷി മന്ത്രാലയമാണ്. ശുപാര്‍ശകള്‍ അനുകൂലമാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. അല്ലെങ്കില്‍ സമര രീതികള്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങൡ വിദ്യാര്‍ത്ഥികള്‍ തീരുമാനമെടുക്കും.

ഇന്നലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഹോസ്റ്റല്‍ പ്രതിനിധികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടാന്‍ സര്‍വകലാശാല ആഭ്യന്തര ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ ഫീസ് വര്‍ധനവ് പൂര്‍ണമായും അംഗീകരിക്കുന്ന അംഗങ്ങളുള്ള സമിതിയെ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top