കൊട്ടാരക്കര, മൂഴിക്കോട് ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

കൊട്ടാരക്കര, മൂഴിക്കോട് ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. സര്‍ക്കാര്‍ നിര്‍മിച്ച ഗ്രൗണ്ട് വാട്ടര്‍ പദ്ധതിയും പ്രയോജനം ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുന്നിന്‍ മുകളില്‍ താമസിക്കുന്ന പത്തോളം കുടുംബങ്ങളിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗ്രൗണ്ട് വാട്ടര്‍ പദ്ധതി രൂപീകരിച്ചത്.

വേനല്‍ കടുത്തതോടെ പ്രദേശമാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടിയപ്പോഴാണ് പരിഹാരമെന്നോണം കുഴല്‍ കിണറുകള്‍സ്ഥാപിച്ചത്. എന്നാല്‍ കുഴല്‍ക്കിണറുകൊണ്ട് നാളിതുവരെയായി യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ജലക്ഷാമം കടുത്തതോടെയാണ് പഞ്ചായത്ത് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഒമ്പത് ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഇരുപതോളം വീടുകളില്‍ പൈപ്പ് കണക്ഷന്‍ സ്ഥാപിച്ചെങ്കിലും വെള്ളമെത്താത്തത്വീണ്ടും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

അശാസ്ത്രീയമായ രീതിയില്‍ ഉള്ള കുഴല്‍ക്കിണര്‍ നിര്‍മാണമാണ് പ്രദേശത്ത് കുടിവെള്ള പദ്ധതി വിജയിക്കാത്തതിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജലക്ഷാമത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നിട്ടിറങ്ങാന്‍ ആണ് നാട്ടുകാരുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top