ബിന്ദു അമ്മിണി മന്ത്രി എകെ ബാലനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നോ ? [24 Fact Check]

ഒട്ടേറെ നാടകീയ രംഗങ്ങൾക്കും ആക്രമസംഭവങ്ങൾക്കും വഴിവച്ചുകൊണ്ടാണ് ബിന്ദു അമ്മിണി അടങ്ങുന്ന തൃപ്തി ദേശായിയുടെ സംഘം ശബരിമല സന്നിധാനത്തേക്ക് യാത്രതിരിച്ചത്. എന്നാൽ കൊച്ചിയിൽവച്ച് ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി ആക്രമണം ഉണ്ടാവുകയും തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാത്തവിധത്തിൽ ആചാര സംരക്ഷകർ തടയുകയും ചെയ്യുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ വിവിധ പാർട്ടികൾ ഉന്നയിച്ചിരുന്നു. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ബിന്ദു അമ്മിണി മന്ത്രി എകെ ബാലനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ഏറ്റവും പുതിയ ആരോപണം. എന്നാൽ ഇതിൽ സത്യമുണ്ടോ ? ഇല്ല എന്നാണ് ഉത്തരം.

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനാണ് ആരോപണം ആദ്യം ഉന്നയിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ശബരിമലയ്ക്ക് പോകാൻ വന്നവർ മലയ്ക്ക് പോകാതെ എന്തിന് കമ്മീഷണർ ഓഫീസിന് മുന്നിൽ നാടകം കളിച്ചുവെന്നും എകെ ബാലനും ബിന്ദു അമ്മിണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ കാര്യം എന്തുകൊണ്ട് വിശദീകരിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. എന്നാൽ ഈ ആരോപണം തള്ളി മന്ത്രി എകെ ബാലൻ തന്നെ നിലവിൽ രംഗത്തെത്തിയിരിക്കുകയാണ്.

Read Also : ബിന്ദു അമ്മിണിക്കുനേരെ മുളകുപൊടി പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍

മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധമാണെന്നും രാവിലെ 11 മണിക്ക് ചേർത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലുമായിരുന്നുവെന്ന് എകെ ബാലൻ പോസ്റ്റിൽ കുറിച്ചു. ആലപ്പുഴയിലെയും കൊല്ലത്തെയും മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തയും വന്നിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു.

2019 നവംബർ 25 ന് താൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽവച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top