ജോഫ്ര ആർച്ചർക്കെതിരെ വംശീയാധിക്ഷേപം; ആരാധകനെ ആജീവനാന്തം വിലക്കിയേക്കും

ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിനെ വംശീയാധിക്ഷേപം മടത്തിയ സംഭവത്തിൽ ആരാധകനെ സ്റ്റേഡിയത്തിൽ നിന്ന് ആജീവനാന്തം വിലക്കാൻ സാധ്യത. ആളെ തിരിച്ചറിയാനായി സിസിടിവി ഫുട്ടേജുകൾ പരിശോധിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞാൽ വിവരം പൊലീസിനെ അറിയിക്കുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു.
വംശീയാധിക്ഷേപത്തിൻ്റെ കാര്യം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആർച്ചർ തന്നെയാണ് വെളിപ്പെടുത്തിയത്. ‘എന്റെ ടീമിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളിലൊരാളില്‍ നിന്നും വംശീയ അധിക്ഷേപമുണ്ടായി. അയാള്‍ ഒഴികെ മറ്റുള്ള കാണികള്‍ എന്നെ അതിശയപ്പെടുത്തി. എപ്പോഴത്തേയും പോലെ ബാര്‍മി ആര്‍മി മികച്ചു നിന്നു’- ആർച്ചർ വെളിപ്പെടുത്തി.
ഇതേത്തുടർന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ആർച്ചറോട് മാപ്പു പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ആർച്ചറോട് മാപ്പപേക്ഷിച്ചത്. മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നത് ഞെട്ടിക്കുന്നതാണെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റിൽ നമ്മുടെ എതിരാളികളാണ്. പക്ഷേ, അവർ നമ്മുടെ സുഹൃത്തുക്കളാണെന്നത് മറക്കരുതെന്നും വംശീയാധിക്ഷേപം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് കുറിച്ചു.
വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്നും ഉണ്ടായിരിക്കുന്നത്, ആർച്ചറുടെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസും രാജസ്ഥാനിലെ സഹതാരവും ഇംഗ്ലണ്ട് ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്സും ആർച്ചറെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇതിനിടെ ആർച്ചറെ അധിക്ഷേപിച്ച ആരാധകൻ താരത്തെ ട്വിറ്ററിൽ ബന്ധപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here