ചര്‍ച്ച് ആക്ട് ബില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപ്പിലാക്കണം: സിസ്റ്റര്‍ ലൂസി കളപ്പുര

ചര്‍ച്ച് ആക്ട് ബില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലൂസി കളപ്പുര. ബില്‍ നടപ്പിലാക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കി.

ചര്‍ച്ച് ആക്റ്റ് ക്രൂസേഡ് എന്ന പേരിലാണ് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സംഗമിച്ചത്.
ചര്‍ച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കാന്‍ സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കൊണ്ടുവന്ന ബില്‍ നടപ്പാക്കുകയോ, അല്ലെങ്കില്‍ ജസ്റ്റിസ് കെ ടി തോമസ് കൊണ്ടുവന്ന ബില്ല് പരിഷ്‌കരിച്ച് നടപ്പാക്കുകയോ വേണമെന്നാണ് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നീതി നിഷേധ സമരവുമായി മുന്നോട്ടുപോകാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആറംഗ പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top