ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ അക്രമാസക്തം; പ്രക്ഷോഭകർ ഇറാൻ കോൺസുലേറ്റിന് തീയിട്ടു

ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. പ്രക്ഷോഭകാരികൾ ഇറാൻ കോൺസുലേറ്റിന് തീയിട്ടു. സഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.
ഇറാഖിലെ തെക്കൻ നഗരമായ നജാഫിലെ ഇറാൻ കോൺസുലേറ്റാണ് പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയത്. കോൺസുൽ ഉദ്യോഗസ്ഥർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രക്ഷോഭക്കാർ ഇറാൻ പതാക നീക്കി പകരം ഇറാഖ് പതാക ഉയർത്തി. പൊലീസ് വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 35ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. പ്രക്ഷോഭക്കാർ കോൺസുലേറ്റിൽ കടക്കുന്നത് തടയാനാണ് പൊലീസ് വെടിയുതിർത്തത്. അഴിമതിക്കും തൊഴിലില്ലായ്മക്കും എതിരായി ഉയർന്നുവന്ന ജനകീയ പ്രക്ഷോഭം ദിവസംതോറും കൂടുതൽ ശക്തമാവുകയാണ്. ഒക്ടോബർ എന്നു മുതൽ ആരംഭിച്ച പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും 350ലേറെ ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here