മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ബിജുമോന്‍ ആന്റണിക്ക്

മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം പാമ്പാടുംപാറ സ്വദേശി ബിജുമോന്‍ ആന്റണിക്ക്. തൃശൂരിലെ പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതിയാണ് മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതി. അടുത്തമാസം ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതിക്കുള്ള മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ സ്മാരക നെല്‍ക്കതിര്‍ പുരസ്‌കാരമാണ് തൃശൂര്‍ പള്ളിപ്പുറം, ആലപ്പാട് പാടശേഖരസമിതിക്ക് ലഭിച്ചത്. അഞ്ചുലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ഇടുക്കി പാമ്പാടുംപാറ സ്വദേശി ബിജുമോന്‍ ആന്റണിക്ക് ലഭിക്കുക രണ്ടുലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന കര്‍ഷകോത്തമ പുരസ്‌കാരമാണ്.

യുവ കര്‍ഷകയായി ഹരിപ്പാട് പാലകുളങ്ങര മഠം വി.വാണിയേയും യുവ കര്‍ഷകനായി മീനാക്ഷിപുരം സ്വദേശി ജ്ഞാനശരവണനേയും തെരഞ്ഞെടുത്തു. എലപ്പുള്ളി പോക്കംതോട് സ്വദേശി വേലായുധനാണ് മികച്ച കേരകര്‍ഷകന്‍.

ഏറ്റവുംമികച്ച പച്ചക്കറി കര്‍ഷകനായി കഞ്ഞിക്കുഴി സ്വദേശി ശുഭ കേസനെയും പുഷ്പകൃഷി കര്‍ഷകയായി ആലപ്പുഴ സക്കറിയ വാര്‍ഡ് സ്വദേശിനി സ്വപ്‌ന സുലൈമാനും തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ഏരാത്ത് സ്വദേശി എം മാധവനാണ് മികച്ച പട്ടികജാതിപട്ടികവര്‍ഗ കര്‍ഷകന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top