വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലെ അഭ്യാസം; ബൈക്കുകളും കാറുകളും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്‌കൂളിലെ അഭ്യാസ പ്രകടനത്തിൽ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. അഭ്യാസ പ്രകടനം നടത്തിയ ബസിന് പുറമേ ബൈക്കുകളും കാറുകളും കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ ടൂറിസ്റ്റ് ബസുകളിൽ കർശന പരിശോധന തുടരുകയാണ്.
വെണ്ടാർ വിദ്യാധിരാജ സ്‌കൂളിൽ അഭ്യാസ പ്രകടനം നടത്തിയ എല്ലാ വാഹനങ്ങളും കസ്റ്റഡിയിലെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ഏനാത്ത് വച്ച് ബസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പിന്നാലെ അഭ്യാസപ്രകടനം നടത്തിയ മൂന്ന് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. കാറും ഇന്ന് രാവിലെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇനിയും അഞ്ച് ബൈക്കുകൾ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ബൈക്കുകൾ എല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മോട്ടോർ വാഹന അധികൃതർ പറഞ്ഞു. എല്ലാ ബൈക്ക് ഉടമകൾക്കും വാഹനം ഹാജരാക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്. നിർദേശം പാലിച്ചില്ലെങ്കിൽ നേരിട്ടെത്തി ബൈക്കുകൾ പിടിച്ചെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയ വാഹനങ്ങൾ പുത്തൂർ പൊലീസിന് കൈമാറി. ക്രിമിനൽ നടപടികൾ സ്വീകരിക്കുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. അപകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷനും ക്യാൻസൽ ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here