വടകരയിൽ മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി

കോഴിക്കോട് വടകരയിൽ മന്ത്രി കെ ടി ജലീൽ നേരെ കരിങ്കൊടി. മന്ത്രിയുടെ വാഹനം തടഞ്ഞ പതിനാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്.
ഇന്നലെ വൈകിട്ടാണ് യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ പതിനഞ്ച് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പൊലീസിനെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനും ഇന്നലെ അറുപത് പേർക്കെതിരെ കേസെടുത്തിരുന്നു. എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്.
അതേസമയം, യൂണിവേഴ്സിറ്റി കോളജിൽ നടന്ന ആക്രമങ്ങളിലെ പ്രതികളെ ഇതുവരേയും പൊലീസ് പിടികൂടിയിട്ടില്ല. ഹോസ്റ്റലിൽ കെഎസ്യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി മർദിച്ച സംഭവത്തിലെ പ്രതിയായ മഹേഷ് മൂന്നാം ദിവസവും ഒളിവിലാണ്.
Story highlights- K T jaleel, black flag, KSU, SFI, university college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here