ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് ഹിയറിങിൽ പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ബുധനാഴ്ച നടക്കാനിരിക്കുന്ന ഇംപീച്ച്മെന്റ് ഹിയറിങിൽ ട്രംപും അഭിഭാഷകരും പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ്. നീതിപൂർവമല്ലാതെയും അടിസ്ഥാനപരമായ മൂല്യങ്ങൾക്ക് വില കൽപിക്കാതെയുമാണ് ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അഭിഭാഷകൻ പാറ്റ് സിപോലോൺ ജുഡീഷ്യറി കമ്മിറ്റിയ്ക്കയച്ച കത്തിൽ കുറ്റപ്പെടുത്തി. ഹിയറിങ്ങിനായി ഹാജരാകാൻ പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജെറോൾഡ് നാദ് ലർ നവംബർ 26നാണ് ട്രംപിന് കത്തയച്ചത്.

ഹിയറിങിന് ഒരുങ്ങാൻ ആവശ്യമായ സമയം വൈറ്റ് ഹൗസിന് നൽകുന്നതിൽ ഹൗസ് ജുഡീഷ്യറി കമ്മിറ്റി പരാജയപ്പെട്ടെന്ന് ആരോപിച്ച പാറ്റ് സിപോലോൺ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും നൽകിയില്ലെന്നും കുറ്റപ്പെടുത്തി. ട്രംപിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് നേരിട്ടറിയുന്ന സാക്ഷികളൊന്നുമില്ലെന്നും സംഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നവർ മാത്രമാണ് ഇപ്പോഴത്തെ സാക്ഷികളെന്നും മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. ജുഡീഷ്യറി കമ്മിറ്റി മൂന്ന് സാക്ഷികളെ വിളിച്ചപ്പോൾ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു സാക്ഷിയെ മാത്രം വിളിക്കാനുള്ള അനുമതിയാണ് നൽകിയതെന്നും സിപോലോൺ കത്തിൽ പറയുന്നു.

ഇംപീച്ച്മെന്റ് നടപടികൾ നീതിപൂർവമാണ് നടക്കുന്നതെന്ന ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ജെറോൾഡ് നാദ്ലറിന്റെ അവകാശവാദത്തെ പാറ്റ് സിപോലോൺ നിശിതമായി വിമർശിച്ചു. തുടർന്നുള്ള ഹിയറിങുകളിൽ ട്രംപ് പങ്കെടുക്കണമെങ്കിൽ നീതീപൂർവമായ നടപടികൾ നടക്കുന്നുവെന്ന് നാദ്ലർ ഉറപ്പുവരുത്തണമെന്ന് സിപോലോൺ ആവശ്യപ്പെട്ടു.

ഡെമോക്രാറ്റ് നേതാവും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നതാണ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നയിച്ച പരാതി. ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യുക്രൈന് അമേരിക്ക നൽകുന്ന സൈനിക സഹായം തടഞ്ഞുവെയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയോ എന്നതാണ് അന്വേഷണ വിഷയം. എന്നാൽ, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ വേട്ടയാടുന്നതിനാണ് ഇംപീച്ച്‌മെന്റ് നടപടികളെന്നുമാണ് ട്രംപിന്റെ നിലപാട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More