ജിഡിപി ബൈബിളോ രാമായണമോ മഹാഭാരതമോ പോലെയല്ല, ഭാവിയില്‍ ഉപയോഗമില്ല; ബിജെപി എംപി

ജിഡിപിയെ ബൈബിളോ രാമായണമോ മഹാഭാരതമോ പോലെ കാണാനാവില്ലെന്നും ഭാവിയില്‍ ഉപയോഗമില്ലത്തതാണെന്നും ബിജെപി എംപി നിശികാന്ത് ദുബെ. ജിഡിപിക്ക് ഭാവിയില്‍ പ്രസക്തിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍  നികുതി നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന. 1934ലാണ് ജിഡിപി വന്നത്. അതിന് മുമ്പ് ജിഡിപി ഇല്ലായിരുന്നു. സാമ്പത്തിക വിദഗ്ധനായിരുന്ന സിമോണ്‍ കുസ്‌നെറ്റ് പറയുന്നതുപോലെ ജിഡിപി ആത്യന്തിക സത്യമല്ല. ഭാവിയില്‍ സാമ്പത്തിക സൂചകമായി ജിഡിപിയെ ഉപയോഗിക്കില്ല. ജിഡിപിക്ക് രാജ്യത്ത് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ജൂലായ് – സെപ്റ്റംബര്‍ മാസങ്ങളില്‍ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ – സെപ്റ്റംബര്‍ കാലത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top