കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പാക്കിയ ശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ഓർത്തഡോക്‌സ് വികാരി തോമസ് പോൾ റമ്പാന്റെ ഹർജിയിലാണ് ഉത്തരവ്.

കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. ഓർത്തഡോക്‌സ് വികാരിയായി നിയമിക്കപ്പെട്ട തോമസ് പോൾ റമ്പാനാണ് ഹർജി നൽകിയത്. പള്ളിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യമായ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിക്കണം. ക്രമസമാധാനം ഉറപ്പാക്കണം. സമാധാന അന്തരീക്ഷം ഉറപ്പാക്കിയാൽ പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണം.

മതപരമായ ചടങ്ങുകളും ശവസംസ്‌കാരവും നടത്താനുള്ള അവകാശം 1934 ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട ഓർത്തഡോക്‌സ് വികാരിക്കായിരിക്കും. പള്ളി നിലവിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഉത്തരവ് നടപ്പാക്കാൻ തടസം നിൽക്കുന്നവരെ ഒഴിപ്പിക്കണം. വിധി നടപ്പാക്കാൻ നിസഹായവസ്ഥ പറഞ്ഞ് സർക്കാർ വിലപേശരുതെന്ന് കോടതി പറഞ്ഞു. നിയമ വാഴ്ച നിലനിൽക്കുന്നില്ലെങ്കിൽ അരാജകത്വം വളരും. നിയമവാഴ്ച സർക്കാർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മുൻപ് പല തവണ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് തടസപ്പെടുകയായിരുന്നു. പിറവം പള്ളിയിൽ വിധി നടപ്പിലാക്കിയതിന് സമാനമായ നിർദേശങ്ങളാണ് വിധിയിൽ ഹൈക്കോടതി ഉൾപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top