ഇനി സിനിമാക്കാലം; ഉദ്ഘാടന ചിത്രം ‘പാസ്ഡ് ബൈ സെൻസർ’

ഇനി സിനിമാക്കാലമാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 24ആമത് പതിപ്പിന് ഈ മാസം 6ആം തിയതി മുതൽ പദ്മനാഭൻ്റെ മണ്ണിൽ തുടക്കമാവുന്നു. 6 മുതൽ 12 വരെ ഒരാഴ്ചക്കാലം നീളുന്ന സിനിമാ മേളക്കായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. തുർക്കിഷ് സിനിമയായ ‘പാസ്ഡ് ബൈ സെൻസർ’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം.
ഷെർഹത് കരാസ് ലാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മനുഷ്യൻ്റെ മാനസിക വ്യാപാരങ്ങളെയാണ് ചർച്ച ചെയ്യുന്നത്. തടവുകാർക്ക് വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്ന സക്കീർ എന്ന ജെയിൽ ജീവനക്കാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജോലിയുടെ കടുത്ത സമ്മർദ്ദത്തിൽ നിന്നു രക്ഷ നേടാൻ ഇയാൾ ഒരു എഴുത്തു ക്ലാസിനു ചേരുന്നു. ഏതെങ്കിലും ഒരു ചിത്രത്തെപ്പറ്റി കല്പിത കഥയെഴുതാനുള്ള ഒരു അസൈന്മെൻ്റ് എഴുത്തു ക്ലാസിൽ നിന്ന് ഇയാൾക്ക് ലഭിക്കുന്നു. തുടർന്ന് തടവുകാരിലൊരാളുടെ ഭാര്യ സല്മയുടെ ചിത്രമടങ്ങിയ കത്ത് ഇയാൾ മോഷ്ടിക്കുന്നു. അവളോട് കടുത്ത പ്രണയം തോന്നുന്ന സക്കീറിൻ്റെ മാനസികവ്യാപാരങ്ങളാണ് സിനിമയുടെ പ്രമേയം. യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള കൂടിച്ചേരലും ചിത്രം ചർച്ച ചെയ്യുന്നു.
ആകെ 14 പുരസ്കാരങ്ങളാണ് വിവിധ ചലച്ചിത്ര മേളകളിൽ നിന്നായി ‘പാസ്ഡ് ബൈ സെൻസർ’ നേടിയത്. ഇസ്താംബൂൾ, സിംഗപ്പൂർ ചലച്ചിത്രോത്സവങ്ങൾ ഉൾപ്പെടെ എട്ടു മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു. ഉദ്ഘാടന ദിവസം വൈകിട്ട് നിശാഗന്ധിയിൽ ആറു മണിക്കും 12ന് രമ്യ തീയറ്ററിൽ രാവിലെ 9.45നുമാണ് സിനിമയുടെ പ്രദർശനങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here