എം ജി ഉത്തരക്കടലാസ് കൈമാറ്റ വിവാദം; കുറ്റസമ്മതം നടത്തി വൈസ് ചാൻസലർ

ഉത്തരക്കടലാസ് കൈമാറ്റ വിവാദത്തിൽ കുറ്റസമ്മതം നടത്തി എംജി സർവകലാശാല വൈസ് ചാൻസലർ. സിൻഡിക്കേറ്റ് അംഗം ഡോ. ആർ പ്രഗാഷിന് എംകോം ഉത്തരക്കടലാസുകൾ രഹസ്യ നമ്പർ ഉൾപ്പെടെ കൈമാറിയ സംഭവത്തിൽ വി.സി ഗവർണർക്ക് വിശദീകരണം നൽകി. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നും, വീഴ്ച ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയുമാണ് കത്ത് നൽകിയത്.
എംകോം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ. ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസലർ നിർദേശിച്ച നടപടി വിവാദമായിരുന്നു. പ്രഗാഷ് നൽകിയ അപേക്ഷ പരിഗണിച്ച് ഉത്തര കലാസുകൾ രജിസ്റ്റർ നമ്പരും രഹസ്യ നമ്പരും ഉൾപ്പെടെ രേഖപ്പെടുത്തി കൈമാറാനായിരുന്നു വിസിയുടെ വിചിത്രമായ നിർദേശം. 54 ഉത്തരക്കടലാസുകളാണ് ഇത്തരത്തിൽ സിൻഡിക്കേറ്റ് അംഗം കൈക്കലാക്കിയത്. അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ സർവകലാശാലയ്ക്ക് ഉണ്ടായ ഗുരുതര വീഴ്ച മറച്ചാണ് വി.സി ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചിട്ടില്ലെന്നാണ് സിൻഡിക്കേറ്റംഗം പ്രഗാഷ് മറുപടി നൽകിയതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കുന്നു.
സമാന സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന കുറ്റസമ്മതവും കത്തിലുണ്ട്. ബി.ടെക് കോഴ്‌സിലെ മാർക്ക് ദാനം വിവാദമായതിനെ തുടർന്ന് നടപടി പിൻവലിച്ച് എം.ജി സർവ്വകലാശാല തടിയൂരിയിരുന്നു. ഇതിനിടെയാണ് പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന ആരോപണത്തിൽ വി.സി കുറ്റസമ്മതം നടത്തിയത്.
Story highlights- M G university, vice chancellor, Confess, answer sheet issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here