വില കൂടിയതോടെ മോഷണവും വർധിച്ചു; തമിഴ്നാട്ടിൽ നിന്ന് മോഷണം പോയത് 350 കിലോ ഉള്ളി

വില കുത്തനെ വർധിക്കുന്നതോടെ രാജ്യത്ത് ഉള്ളി മോഷണവും വർധിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് 350 കിലോ ഉള്ളിയാണ് മോഷണം പോയത്. പേരാമ്പൂരിലെ കൂതനൂര്‍ ഗ്രാമത്തിലാണ് ചെറിയ ഉള്ളി മോഷണം പോയതായി കർഷകർ പരാതി നല്‍കിയത്.
15 ചാക്ക് ഉള്ളിയാണ് മോഷണം പോയത്. 40കാരനായ കെ മുത്തുകൃഷ്ണന്‍ എന്ന കർഷകൻ ഫാമില്‍ സൂക്ഷിച്ച ഉള്ളിയായിരുന്നു ഇത്. പ്രധാന റോഡിൽ നിന്നും 50 മീറ്റർ മാത്രം അകലെയായിരുന്നു ഫാം. മോഷണം പോയ ഉള്ളിയുടെ മതിപ്പു വില 45000 വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഉള്ളി മോഷണത്തെപ്പറ്റി മുത്തുകൃഷ്ണന്‍ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
നേരത്തെ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വിലവരുന്ന 40 ടണ്‍ സവാള മോഷണം പോയിരുന്നു. തുടർന്ന് 30000 രൂപയുടെ ഉള്ളി മോഷണം പോയെന്ന് മധ്യപ്രദേശിലെ ഒരു കർഷകനും പരാതി നൽകി.
വിപണിയില്‍ ഇപ്പോള്‍ ഉള്ളി കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here