ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച കമ്മൂരി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം പത്തായി

ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച കമ്മൂരി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം പത്തായി. മൂന്നര ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഈ വർഷം ഫിലിപ്പൈൻസിൽ ആഞ്ഞടിക്കുന്ന ഇരുപതാമത്തെ ചുഴലിക്കാറ്റാണ് കമ്മൂരി.
തെക്കൻ ഫിലിപ്പൈൻസിലെ പ്രദേശങ്ങളെയാണ് കമ്മൂരി ചുഴലിക്കാറ്റ് കൂടുതൽ ബാധിച്ചത്. തിങ്കളാഴ്ച ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം പത്തായതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 11 വരെ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസിലെ വിവിധ പരിപാടികൾ മാറ്റിവെച്ചതായും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
രാജ്യ തലസ്ഥാനത്തെ മനില അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത്. ഇതേത്തുടർന്നുണ്ടാകാവുന്ന വെള്ളപ്പൊക്ക സാധ്യത കൂടി കണക്കിലെടുത്ത് മൂന്നരലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ദുരന്തനിവാരണ ഏജൻസി വക്താവ് മാർക്ക് ടിൻപൽ പ്രതികരിച്ചു. രാജ്യത്തെ വൈദ്യുത സംവിധാനങ്ങളെല്ലാം താറുമാറായതിനെത്തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. നാശനഷ്ടങ്ങൾ നികത്തുന്നതിനും വൈദ്യുത- ഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here