ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്. ചിദംബരം കസ്റ്റഡിയിലായി ഇന്ന് നൂറ്റിയഞ്ച് ദിവസം തികയുകയാണ്.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെയാണ് പി. ചിദംബരം സുപ്രിംകോടതിയിൽ ചോദ്യം ചെയ്തത്. ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് സിബിഐ അന്വേഷണസംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. സിബിഐ കേസിൽ ഒക്ടോബർ ഇരുപത്തിരണ്ടിന് സുപ്രിംകോടതി ജാമ്യം നൽകി. എന്നാൽ, ഇതിനിടെ ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചിദംബരത്തിന്റെ അറസ്റ്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ പതിനാറിന് തിഹാർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇഡി കേസിൽ സുപ്രിംകോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയാണെങ്കിൽ ഇന്നുതന്നെ ചിദംബരത്തിന് ജയിൽ മോചിതനാകാൻ കഴിയും. എയർസെൽ കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അടുത്ത ജനുവരി പതിനേഴിന് മാത്രമേ പരിഗണിക്കുകയുള്ളൂ. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചിദംബരത്തിന്റെ വാദം. സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Story highlights : Chidambaram, INX media case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here