വാഹന പരിശോധനയിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ നിർദേശിച്ച് ഹൈക്കോടതി ; ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിർത്തരുത്

സംസ്ഥാനത്ത് വാഹന പരിശോധനക്ക് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. ബലം പ്രയോഗിച്ച് ആരെയും തടഞ്ഞു നിർത്തരുതെന്നും പൊലീസോ വെഹിക്കിൾ ഇൻസ്‌പെക്ടറോ ചാടി വീണ് ആരെയും തടയരുതെന്നും കോടതി വ്യക്തമാക്കി. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ സംവിധാനങ്ങൾ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.

മലപ്പുറം രണ്ടത്താണിയിൽ നടന്ന വാഹനാപകട കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിർദേശം. ട്രാഫിക് കുറ്റകൃത്യങ്ങൾ നേരിടാൻ ഡിജിറ്റൽ സംവിധാനങ്ങൾ വേണമെന്ന് വ്യക്തമാക്കിയ കോടതി പൊലീസും മോട്ടോർ വെഹിക്കിൾസ് വകുപ്പും സ്വീകരിക്കുന്നത് അറ് പഴഞ്ചൻ രീതികളാണെന്നും കുറ്റപ്പെടുത്തി. ഡിജിറ്റൽ ക്യാമറ, സർവൈലൻസ് ക്യാമറ, മൊബൈൽ ക്യാമറ, വീഡിയോ ക്യാമറ എന്നിവ പരിശോധനക്ക് ഉപയോഗിക്കണം. ഹെൽമറ്റ് ഇല്ലെങ്കിലും നിർത്താതെ ഓടിച്ചുപോകുന്നവരെ കണ്ടെത്താൻ ക്യാമറ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി.

വാഹന പരിശോധനയുമായി ബന്ധപ്പെട്ട ഡിജിപിയുടെ 2012-ലെ സർക്കുലർ ഇപ്പോഴും കടലാസിൽത്തന്നെ ഒതുങ്ങി നിൽക്കുന്ന ദയനീയ സ്ഥിതിയിലാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഡിജിപി പുറപ്പെടുവിച്ച സർക്കുലർ സാങ്കേതിക സഹായത്തോടെ വാഹന പരിശോധന നടത്താൻ വിവരങ്ങൾ നൽകുന്നതാണ്. ട്രാഫിക് കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിനും വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും അതനുസരിച്ചു പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top