കൈതമുക്ക് സംഭവം; കുട്ടികളുടെ പിതാവ് അറസ്റ്റിൽ

കൈതമുക്ക് സംഭവത്തിൽ കുട്ടികളുടെ പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ മർദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുഞ്ഞുമോനെ നാളെ കോടതിയിൽ ഹാജരാക്കും.
കുട്ടികളെയും അമ്മയേയും കുഞ്ഞുമോൻ ക്രൂരമായി മർദിക്കുന്നുവെന്ന് പരാതി ആദ്യഘട്ടം മുതൽ നാട്ടുകാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സുരക്ഷയിലേക്ക് പോയ കുഞ്ഞുങ്ങളുടെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയ അമ്മയുടെയും മൊഴി രേഖപ്പെടുത്തുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമോന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
ഡിസംബർ 2നാണ് സമൂഹത്തെ ആകെ ഞെട്ടിച്ച് തിരുവന്തപുരം നഗരമധ്യത്തിൽ പട്ടിണി മൂലം അമ്മ ആറുമക്കളിൽ നാല് പേരെ ശിശുക്ഷേമ സമിതിക്ക് വിട്ട് നൽകാൻ തീരുമാനിച്ചത്. കൈതമുക്കിലെ പുറംപോക്കിലെ ഷെഡിൽ കഴിയുന്ന കുടുംബത്തിലെ മൂത്ത കുട്ടിക്ക് 7 വയസും ഇളയകുട്ടിക്ക 3മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭർത്താവ് കുഞ്ഞുമോൻ മദ്യപാനിയാണ്. ഇയാൾ പണമോ മറ്റ് സഹായങ്ങളോ കുടുംബത്തിന് നൽകിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here