മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ അറസ്റ്റില്‍; ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു

നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിനെ തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പിന്നീട് രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും കാണിച്ച് മഞ്ജു വാര്യര്‍ നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
നടി ഡിജിപിക്ക് പരാതി നല്‍കി ഒന്നര മാസത്തിന് ശേഷമാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസിപി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശൂര്‍ പൊലീസ് ക്ലബില്‍ സംവിധായകനെ നാലരമണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തു.
പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലില്‍ സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുന്‍പ് സ്‌നേഹത്തിന്റെയോ കരുതലിന്റെയോ പേരില്‍ പറഞ്ഞതെല്ലാം പിന്നീട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി തോന്നിയതാകാം പരാതിക്ക് കാരണമെന്ന് സംവിധായകന്‍ പ്രതികരിച്ചു.
സ്ത്രീത്വത്തെ അപമാനിക്കല്‍, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു സംവിധായകന് എതിരെ കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സാക്ഷികളുടെ മൊഴിയെടുക്കുകയും സംവിധായകന്റെ വസതിയിലും ഓഫീസിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.
Story highlights – manju warrier, sreekumar menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here