കർഷകനു ലഭിക്കുന്നത് 30 രൂപ; വിപണിവില 140: കൊള്ളലാഭം ഇടനിലക്കാരന്

ഉള്ളിവില വർധിക്കുന്ന സാഹചര്യത്തിൽ കൊള്ളലാഭമുണ്ടാക്കുന്നത് ഇടനിലക്കാർ. 140 രൂപ വിപണി വിലയുള്ള ഉള്ളിക്ക് കർഷകനു ലഭിക്കുന്നത് വെറും 30 രൂപ മാത്രമാണ്. നാസിക്കിലാണ് ഇത്തരത്തിലുള്ള കൊള്ള നടക്കുന്നത്. നാസിക്കിൽ നിന്ന് 30 രൂപക്ക് വാങ്ങുന്ന ഉള്ളി മുംബൈയിലെത്തുമ്പോൾ 140 രൂപയാകുന്നു. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് മൂന്നു മണിക്കൂർ യാത്രാദൂരം മാത്രമാണുള്ളത്.
രണ്ട് ദിവസം മുൻപ് 100 രൂപയായിരുന്ന വില ചെന്നൈ നഗരത്തിലും 140 രൂപയായി. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ 130 രൂപയാണ് നിരക്ക്. ചില ചില്ലറ കേന്ദ്രങ്ങളിൽ 140നു പകരം 150 രൂപ ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ചെറിയ ഉള്ളിക്കാവട്ടെ, മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ 160 രൂപയും ചില്ലറ വില്പന കേന്ദ്രങ്ങളിൽ 180 രൂപയുമാണ് വില.
അതേ സമയം, വില ഉയരാൻ കാരണം പൂഴ്ത്തിവെപ്പാണെന്ന പരാതിയും ഉയരുന്നുണ്ട്. തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ചെറിയ ഉള്ളി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വില ക്രമാതീതമായി ഉയരുകയാണ്.
ഇതിനിടെ ഉള്ളി വിലയെപ്പറ്റി നിർമല സീതാരാമൻ്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ഉള്ളി വിലവർധന നേരിടാനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി അധികമുള്ള ഇടങ്ങളില്‍ നിന്ന് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വർധന നേരിടാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here