ഹിന്ദു-മുസ്ലിം സ്വവർഗാനുരാഗികളുടെ വീഡിയോ നീക്കം ചെയ്ത് ടിക്ക് ടോക്ക്; പ്രതിഷേധം പുകയുന്നു

കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തികളായിരുന്നു സുന്ദസ് മാലികും അഞ്ജലി ചക്രയും. ഇപ്പോഴും ജാതി-മത വ്യത്യാസങ്ങൾ പ്രണയത്തിന് വിലങ്ങുതടിയാണെന്ന് കണക്കാക്കുന്ന ഈ സമൂഹത്തിന് മുന്നിലേക്കാണ് സ്വവർഗാനുരാഗികളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജാതി-മത-ലിംഗ വ്യത്യാസത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിറഞ്ഞ മനസ്സോടെയാണ് ജനം സ്വീകരിച്ചത്. എന്നാൽ ഹോമോഫോബിയ എന്നത് ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നാണ് ഇരുവരും നേരിടുന്ന ദുരനുഭവങ്ങൾ നമ്മോട് പറയുന്നത്. അത്തരത്തിലൊന്നാണ് ഇന്ന് ട്വിറ്ററിൽ ചർച്ചയായിരിക്കുന്നതും.

സുന്ദസ്-അഞ്ജലി ദമ്പതികളുടെ വീഡിയോ ടിക്ക് ടോക്ക് നീക്കം ചെയ്തിരിക്കുകയാണ്. തങ്ങളുടെ കമ്യൂണിറ്റ് സ്റ്റാൻഡേർഡ്‌സ് ലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ടിക്ക് ടോക്കിന്റെ നടപടി. എന്നാൽ ട്വിറ്ററിലും അഞ്ജലി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടിക്ക് ടോക്കിന്റെ ഹോമോഫോബിയയെ കുറിച്ച് തുറന്നടിച്ചുകൊണ്ടായിരുന്നു അഞ്ജലിയുടെ ട്വിറ്റർ പോസ്റ്റ്. നിരവധി പേരാണ് ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈ 31നാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടേയും വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Story Highlights – Same Sex Marriage, Homosexual, Photoshoot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top