ബാഗ്ദാദിൽ വെടിവയ്പ്പ്; 19 പേർ കൊല്ലപ്പെട്ടു; 70 പേർക്ക് പരുക്ക്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ പ്രക്ഷോഭകരുടെ ക്യാമ്പിന് നേരെ അജ്ഞാത ആയുധധാരികൾ നടത്തിയ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്ന് പൊലീസുകാരും ഉൾപ്പെടുന്നു.

ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറിലുള്ള പ്രക്ഷോഭ ക്യാമ്പിന് നേരെയാണ് വെടിവയ്പുണ്ടായത്. ട്രക്കുകളിലെത്തിയ അജ്ഞാത ആയുധധാരികളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അൽ സിനാക് പാലത്തിന് സമീപമുള്ള വലിയ കെട്ടിടത്തിലാണ് ആഴ്ചകളായി പ്രക്ഷോഭകർ ക്യാമ്പ് ചെയ്തിരുന്നത്. ആയുധധാരികൾ പ്രക്ഷോഭകരെ കെട്ടിടത്തിൽ നിന്ന് പുറത്തേയ്ക്ക് ആട്ടിയോടിക്കുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം അക്രമികൾ 13 പേരെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.

സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി അദൽ അബ്ദുൾ മഹ്ദി കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. മഹ്ദിയുടെ രാജി പാർലമെന്റ് അംഗീകരിക്കുകയും ചെയ്തു. ഒക്ടോബർ ഒന്നിന് ആരംഭിച്ച പ്രക്ഷോഭം പലപ്പോഴും സംഘർഷഭരിതമായിരുന്നു. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ നാനൂറിലധികം പേർ കൊല്ലപ്പെടുകയും ഇരുപതിനായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

സർക്കാർ രാജിവെക്കണമെന്നും പാർലമെന്റ് പിരിച്ചുവിടുകയും രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതി പൊളിച്ചെഴുതണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. വ്യാപകമായ അഴിമതി രാജ്യത്തെ നാശത്തിലേക്കെത്തിച്ചെന്നും തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ വലയുകയുമാണെന്നും ചൂണ്ടിക്കാട്ടി ആരംഭിച്ച പ്രക്ഷോഭം പിന്നീട് ശക്തമാവുകയായിരുന്നു.

Story Highlights- Baghdad, Firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top