Advertisement

പ്രളയാനന്തര പുനർനിർമാണം; സർക്കാർ ജീവനക്കാരിൽ നിന്ന് വീണ്ടും പണപ്പിരിവ്

December 7, 2019
Google News 0 minutes Read

പ്രളയാനന്തര പുനർനിർമാണത്തിന് സർക്കാർ ജീവനക്കാരിൽ നിന്ന് വീണ്ടും പണപ്പിരിവ്. സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ശമ്പളത്തിൽ നിന്ന് പണം ഈടാക്കുന്ന രീതിയിലാണ് പുതിയ നിർദേശം. ഇതുസംബന്ധിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി. നിർബന്ധിത പിരിവല്ലെന്നാണ് വിശദീകരണം.

പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനാണ് ജീവനക്കാരിൽ നിന്ന് വീണ്ടും പണം പിരിക്കാൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി. നിർബന്ധിത പിരിവല്ലെന്ന് വിശദീകരിച്ചു ഇറക്കിയ സർക്കുറലിൽ താൽപര്യമുള്ളവർ ജീവനക്കാർക്ക് ശമ്പളത്തിൽ നിന്ന് സംഭാവനയായി പണം നൽകാമെന്ന് പറയുന്നു. സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ പണം ഈടാക്കുന്ന രീതിയിലാണ് പുതിയ നിർദേശം. ഇതല്ലെങ്കിൽ നിശ്ചിതമാസ കാലയളവിൽ പണം നൽകാവുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ശമ്പളത്തിൽ നിന്ന് സ്പാർക്ക് വഴി പണം നൽകാൻ താൽപര്യമുള്ളവർ  സമ്മതപത്രം എഴുതി നൽകണമെന്ന് സർക്കുലറിലുണ്ട്. ഇതിന് ഡിഡിഒമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നവർക്ക് ആദായ നികുതിയിൽ ഇളവ് ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ജീവനക്കാരിൽ നിന്ന് വീണ്ടും പണം പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 2018ലെ പ്രളയത്തിന് ശേഷമുള്ള പുനർനിർമാണ പ്രവർത്തനത്തിന് ജീവനക്കാരിൽ നിന്ന് സാലറി ചലഞ്ച്  എന്ന പേരിൽ പണം പിരിച്ചിരുന്നു. ഇതിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാത്തവർക്കെതിരെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്. ഇത്തവണ നിർബന്ധിത പിരിവല്ലെന്ന് പറയുന്ന സർക്കാർ, ഇക്കാര്യത്തിൽ ആശങ്ക അകറ്റി വ്യക്തത വരുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here