ഉന്നാവ് പെൺകുട്ടിയുടെ മരണം വേദനാജനകം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് യോഗി ആദിത്യനാഥ്

ഉന്നാവിൽ ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരിച്ച സംഭവം വേദനാജനകമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പെൺകുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബത്തോടുള്ള അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. കേസ് അതിവേഗ കോടതി പരിഗണിക്കും. എല്ലാ പ്രതികൾക്കും അർഹിക്കുന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണെന്ന് പ്രിയങ്ക പറഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിന് ഇരയായാൽ യു പിയിൽ ജീവിക്കുക ദുഷ്‌കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തുചെയ്തുവെന്നും പ്രിയങ്ക ചോദിച്ചിരുന്നു. അതിനിടെ, ഉന്നാവ് ബലാൽസംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് പെൺകുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയിൽ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ 23 കാരി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ഉന്നാവിൽ വ്യാഴാഴ്ച പുലർച്ചെ നാലു മണിക്കാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ മാർച്ചിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികൾ അടക്കം അഞ്ച് പേർ ചേർന്നാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. റായ്ബറേലിയിലെ കോടതിയിലേക്ക് പോകാൻ പുലർച്ചെ തയാറാകുകയായിരുന്നു യുവതി. ഇതിനിടെയാണ് പ്രതികൾ ആക്രമിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.
കൊടും ക്രൂരത നടത്തിയവരുടെ പേരുകൾ യുവതി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Story highlights- yogi adithyanath, unnao rape, gang rape, fast track court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top