ബൈക്കിലെത്തിയ സംഘം 50 കിലോ ഉള്ളിയുമായി കടന്നു

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ബൈക്കിലെത്തിയ സംഘം 50 കിലോ ഉള്ളിയുമായി കടന്നു. ഹോട്ടലിലേക്ക് ഉള്ളിയുമായി വരികയായിരുന്ന റിക്ഷാക്കാരനില്‍ നിന്നാണ് ഇവര്‍ ഉള്ളി തട്ടിയെടുത്തത്. ഉള്ളി നഷ്ടപ്പെട്ട ഫിറോസ് അഹമ്മദ് റഈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിയശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. രണ്ട് ഹോട്ടലുകളിലേക്ക് നല്‍കാനായി കൊണ്ടുവരികയായിരുന്നു ഉള്ളി. അതേസമയം സവാളയ്ക്ക് പിന്നാലെ ഉള്ളി വിലയും കുതിക്കുകയാണ്. നിലവില്‍ കിലോയ്ക്ക് 220 രൂപവരെയാണ് ചെറിയ ഉള്ളിയുടെ വില. ചെന്നൈയില്‍ ചെറിയ ഉള്ളിക്ക് വില 200 രൂപയ്ക്ക് മുകളിലാണ്. ബംഗളൂരുവില്‍ ഉള്ളി വില 200 കടന്നു. രാജ്യത്ത് സവാള വില കുതിപ്പ് തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പാകമാകുന്നതിന് മുമ്പേ തന്നെ ഉള്ളി വിളവെടുക്കുകയാണ് മഹാരാഷ്ട്ര കര്‍ഷകര്‍. വില ഉയരുന്ന സാഹചര്യത്തില്‍ പരമാവധി ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് ഇവര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here