Advertisement

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

December 10, 2019
Google News 1 minute Read

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 311 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തു. 80 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിച്ച നാടകീയ നീക്കങ്ങളാണ് രാത്രി 12 ഓടെ സമാപിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനാണ് പൗരത്വബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മതരാഷ്ട്രമല്ല, ഭരണഘടനയാണ് ഇന്ത്യയുടെ മതം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടതില്ല. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ചിട്ടില്ല. അഭയാര്‍ത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. പൗരത്വ ഭേദഗതി ബില്‍ എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കീറിയെറിഞ്ഞു. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിച്ചാണ് ഒവൈസി ബില്‍ കീറിയെറിഞ്ഞത്.

Read More: പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് അസദുദ്ദീന്‍ ഒവൈസി

രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ അവതരിപ്പിക്കുന്ന ബില്ലില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന മുന്‍ വിധി വേണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ പൗരത്വ ഭേഭഗതി ബില്ലിനെ ആദ്യം പരിചയപ്പെടുത്തിയത്. നിര്‍ദിഷ്ട ബില്ല് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവുമാണ് പ്രതിപക്ഷനിര ഉയര്‍ത്തിയത്.

ബില്ല് മുസ്ലിം വിരുദ്ധമാണെന്നും ഭരണഘടനയുടെ 14 അടക്കമുള്ള അനുചേദങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് അവതരണം ഉപേക്ഷിക്കണം എന്ന് നിര്‍ദേശിയ്ക്കുന്ന പ്രമേയവും അവര്‍ അവതരിപ്പിച്ചു. പൗരത്വ ഭേഭഗതി ഇന്ത്യയെ ഇസ്രായേലാക്കുമെന്നും അമിത് ഷാ ഹിറ്റ്‌ലര്‍ ആണെന്നുമുള്ള ഒവൈസിയുടെ പരാമര്‍ശം ബിജെപി അംഗങ്ങളെ കുപിതരാക്കി. അവരുടെ ശക്തമായ പ്രതിഷേധം സഭാനടപടികളെ ബഹളമയമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here