പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് അസദുദ്ദീന്‍ ഒവൈസി

പൗരത്വ ഭേദഗതി ബില്ലില്‍ ചര്‍ച്ച തുടരവെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോക്‌സഭ. പൗരത്വ ഭേദഗതി ബില്‍ എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കീറിയെറിഞ്ഞു. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിച്ചാണ് ഒവൈസി ബില്‍ കീറിയെറിഞ്ഞത്. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അവതരിപ്പിക്കുന്ന ബില്ലില്‍ മുസ്‌ലിം വിരുദ്ധതയുണ്ടെന്ന മുന്‍ വിധി വേണ്ടെന്ന് പറഞ്ഞാണ് അമിത് ഷാ പൗരത്വ ഭേഭഗതി ബില്ലിനെ പരിചയപ്പെടുത്തിയത്. നിര്‍ദിഷ്ട ബില്ല് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവുമാണ് പ്രതിപക്ഷനിര ഉയര്‍ത്തിയത്. ബില്ല് മുസ്‌ലിം വിരുദ്ധമാണെന്നും ഭരണഘടനയുടെ 14 അടക്കമുള്ള അനുചേദങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് അവതരണം ഉപേക്ഷിക്കണം എന്ന് നിര്‍ദേശിയ്ക്കുന്ന പ്രമേയവും അവര്‍ അവതരിപ്പിച്ചു.

പൗരത്വ ഭേദഗതി ഇന്ത്യയെ ഇസ്രായേലാക്കുമെന്നും അമിത് ഷാ ഹിറ്റ്ലര്‍ ആണെന്നുമുള്ള ഒവൈസിയുടെ പരാമര്‍ശം ബിജെപി അംഗങ്ങളെ കുപിതരാക്കി. അവരുടെ ശക്തമായ പ്രതിഷേധം സഭാനടപടികളെ ബഹളമയമാക്കി. തുടര്‍ന്ന് നിരാകരണ പ്രമേയം വോട്ടിനിട്ട് തള്ളി. 82 വോട്ടുകള്‍ക്കാണ് ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More