വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: അധ്യാപകരുടേയും ഡോക്ടറുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ അധ്യാപകരുടേയും ഡോക്ടറുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടിയിരുന്നു, അതിനുള്ള മറുപടിയായാണ് മാനന്തവാടി എഎസ്പി വൈഭവ സക്‌സേന റിപ്പോര്‍ട്ട് നല്‍കിയത്.

നവംബര്‍ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top