നിർഭയക്കേസ്; പ്രതി അക്ഷയ് താക്കൂർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും

വധശിക്ഷക്കെതിരെ നിർഭയക്കേസ് പ്രതി അക്ഷയ് താക്കൂർ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രിംകോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. ഉടൻ തന്നെ സുപ്രിംകോടതി തീരുമാനമെടുക്കണമെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു.

അതേസമയം, വിധി നടപ്പാക്കാൻ ആരാച്ചാരെ വേണമെന്ന് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് പ്രതി അക്ഷയ് താക്കൂറിന്റെ ആവശ്യം. വിനയ് ശർമ, പവൻകുമാർ ഗുപ്ത, മുകേഷ് സിംഗ് എന്നീ പ്രതികളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. പ്രതിയെ കേൾക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, തീരുമാനം വൈകരുതെന്നും നിർഭയയുടെ അമ്മ പറഞ്ഞു.

അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ തിഹാർ ജയിൽ അധികൃതർ ഊർജിതമാക്കിയെന്നാണ് റിപ്പോർട്ടുകൾ. വിധി നടപ്പാക്കാൻ രണ്ട് ആരാച്ചാർമാരെ വിട്ടുനൽകണമെന്ന് തിഹാർ ജയിൽ അധികൃതർ ഉത്തർപ്രദേശ് സർക്കാരിന് കത്ത് നൽകി. ആരാച്ചാർമാരെ ഡൽഹിക്ക് അയക്കുമെന്ന് യുപി ജയിൽ എഡിജിപി ആനന്ദ് കുമാർ പ്രതികരിച്ചു. ബ്ലാക്ക് വാറന്റ് നേടുന്നതിനുള്ള നടപടിയും തിഹാർ ജയിൽ അധികൃതർ ആരംഭിച്ചു. 2012 ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ രാജ്യത്തെ നടുക്കിയ കൂട്ടബലാത്സഗം നടന്നത്. രണ്ടാഴ്ചക്ക് ശേഷം ഡിസംബർ 29ന് നിർഭയ സിംഗപ്പൂരിലെ ആശുപത്രിയിൽ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top