അയോധ്യാ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അയോധ്യാ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമോയെന്ന് തീരുമാനമെടുത്തേക്കും. അയോധ്യയിലെ തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനെയാണ് മുസ്ലിം കക്ഷികള്‍ ചോദ്യം ചെയ്യുന്നത്.
ഭരണഘടനാ ധാര്‍മികത, മതേതരത്വം, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ ഭരണഘടനാ ബെഞ്ചിന് പിഴവ് പറ്റിയെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം. കേസിലെ മുഖ്യകക്ഷികള്‍ക്ക് പുറമേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, പ്രഭാത് പട്‌നായിക് അടക്കം നാല്‍പത് സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഇന്ത്യന്‍ നാഷണല്‍ ലീഗ്, എസ്ഡിപിഐ തുടങ്ങിയവരാണ് പുനഃപരിശോധന ആവശ്യപ്പെട്ടത്.
ബാബറി മസ്ജിദ് തകര്‍ത്തതിന് പകരമായി അയോധ്യയില്‍ തന്നെ മസ്ജിദ് നിര്‍മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന് അനുവദിക്കണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭയും ആവശ്യപ്പെട്ടു.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റില്‍ പ്രാതിനിധ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് നിര്‍മോഹി അഖാഡയുടെ ആവശ്യം. രഞ്ജന്‍ ഗൊഗോയ് വിരമിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here