പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം; മൂന്ന് വിമാന സർവീസുകളും 21 ട്രെയിൻ സർവീസുകളും റദ്ദാക്കി

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കത്തിപ്പടരുകയാണ്. ഗുവാഹത്തിയിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച അസം സർക്കാർ ക്രമസമാധാന പുനസ്ഥാപനത്തിന് കരസേനയുടെ സഹായം തേടി. ത്രിപുരയും ശക്തമായ പ്രതിഷേധത്തെ നേരിടാ!ൻ കരസേനയെ വിന്യസിച്ചു. പൗരത്വ ഭേഭഗതി ബില്ലിനെതിരെ അസം അടക്കം ഉള്ള വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾഫ അടക്കമുള്ള വിവിധ സംഘടനകൾ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടുതൽ സൈന്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിന്യസിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. പ്രതിഷേധത്തെ തുടർന്ന് മൂന്ന് വിമാന സർവീസുകളും 21 ട്രെയിൻ സർവീസുകളും റദ്ദാക്കി.

അതേസമയം പൗരത്വ ഭേദഗതി ബില്ല് പാർലമെന്റിൽ പാസായതോടെ നിരാലംബരായ കോടിക്കണക്കിന് ആളുകളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അസാമും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങൾ കരസേന വിന്യാസം നടത്തി. രാജ്യസഭയിൽ കൂടി ബില്ല് പാസായ സാഹചര്യത്തിൽ വിവിധ സംഘടനകൾ മേഖലയിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പാലനം എറ്റെടുത്ത സേന കശ്മീരിൽ നിന്ന് പിൻവലിച്ച 5000 ത്തോളം അർധ സൈനികരുൾപ്പെടെ സിആർപിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങലിൽ വ്യോമമാർഗം എത്തിച്ചു. ത്രിപുരയിലും അസമിലും പൂർണ്ണമായി മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചിരിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂൾ കോളജ് പരീക്ഷകൾ അടക്കമുള്ളവ സർക്കാർ മാറ്റിവച്ചു.

Read Also : എന്താണ് രാജ്യം ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ ? [24 Explainer]

അസമിൽ കനത്ത പ്രക്ഷോഭങ്ങളെ തുടർന്നു നിരവധി ട്രെയിൻ സർവീസുകൾ നിർത്തി വയ്ക്കുകയും ചിലത് പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 14 ട്രെയിൻ സർവീസ് നിർത്തിവച്ചതായി റെയിൽവേ വ്യക്തമാക്കി. ചില സർവീസുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്. നിരവധി ഇടങ്ങളിൽ പ്രക്ഷോഭക്കാരും പൊലിസും ഏറ്റുമുട്ടി. ഒട്ടേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം പൗരത്വ ഭേദഗതി ബില്ല് പാർ്‌ലകമെന്റിൽ പാസായതോടെ നിരാലംബരായ കോടിക്കണക്കിന് ആളുകളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. ബിൽ ലോക്‌സഭ പാസാക്കിയതിന് തുടർച്ചയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഇരയാക്കപ്പെട്ടവരുടെ അന്തസും സുരക്ഷയും ഉറപ്പാക്കാനുള്ള ധൈര്യം കാട്ടിയ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബില്ലിനെ പിന്തുണയ്ക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ബില്ലിനെ പിന്തുണച്ച എല്ലാ എംപിമാർക്കും നന്ദി അറിയിച്ച് നേരത്തെ പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top