ന്യൂസിലന്റിലെ അഗ്‌നിപർവത സ്‌ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തു

ന്യൂസിലന്റിലെ വൈറ്റ് ഐലൻഡിലുണ്ടായ അഗ്‌നിപർവത സ്‌ഫോടനത്തിൽ മരിച്ച 6 പേരുടെ മൃതദേഹം കണ്ടെടുത്തു. 2 പേരുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം, ചികിത്സയിൽ കഴിയുന്ന 20 പേർ ഇപ്പോഴും ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. ന്യൂസിലാന്റിലെ പ്രതിരോധ സേനയിലെ 8 വിദഗ്ദരടങ്ങുന്ന സംഘം നടത്തിയ അതിവേഗ തെരച്ചിലിലാണ് മരിച്ച 6 പേരുടെ മൃതദേഹം കണ്ടെടുത്തത്. ഹെലികോപ്റ്റർ ഉപയോഗിച്ച് 4 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
സംഭവസ്ഥലത്ത് വീണ്ടും അപായമുണ്ടാകാനുള്ള സാധ്യത 60 ശതമാനത്തോളം നിലനിൽക്കുന്നതായി ജിഎൻഎസ് സയൻസ് ഏജൻസി വിവരം നൽകിയതിനെത്തുടർന്ന് തെരച്ചിൽ വേഗത്തിലാക്കുകയായിരുന്നു. ഇനിയും 2 മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് കമ്മീഷണർ മൈക്ക് ബുഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്‌ഫോടനം നടന്ന പ്രദേശത്തിന് ചുറ്റും തെരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 20 ഓളം പേരുടെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആകെ 47 വിനോദ സഞ്ചാരികളാണ് സ്‌ഫോടന സമയത്ത് വൈറ്റ് ഐലന്റിലുണ്ടായിരുന്നത്. ഇവരിൽ 24 പേരും ഓസ്‌ട്രേലിയക്കാരാണ്. 9 അമേരിക്കക്കാർ, 5 ന്യൂസിലാന്റുകാർ, നാല് ജർമൻ പൗരന്മാർ, ചൈന, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് 2 പേർ വീതവും മലേഷ്യക്കാരനായ ഒരാളുമായിരുന്നു സ്‌ഫോടനസമയത്ത് വൈറ്റ് ഐലൻഡിലുണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here