ഐഎഫ്എഫ്‌കെ സിൽവർ ജൂബിലി വർഷം വിപുലീകരിക്കാനൊരുങ്ങി ചലച്ചിത്ര അക്കാദമി

2020ലെ ഐഎഫ്എഫ്‌കെ സിൽവർ ജൂബിലി വർഷം വിപുലീകരിക്കാനൊരുങ്ങി ചലച്ചിത്ര അക്കാദമി. മേളക്ക് മുമ്പ് തന്നെ വിപുലമായ വിളംബര പരിപാടികൾ സംഘടിപ്പിക്കാനും കഴിഞ്ഞ 24 വർഷവും സുവർണ ചകോരം നേടിയ സിനിമകളുടെ പ്രദർശനവും ആലോചനയിലെന്ന് ചലച്ചിത്ര അക്കാദമി അധികൃതർ ട്വന്റിഫോറിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ജനുവരിയിൽ ജനറൽ കൗൺസിൽ ചേർന്ന് സർക്കാരിന് രൂപരേഖ സമർപ്പിക്കാനും തീരുമാനമായി. ട്വന്റിഫോർ ഐഎഫ്എഫ്‌കെ എക്‌സ്‌ക്ലൂസീവ്.

1996ൽ കോഴിക്കോട് നടന്ന മേളയോടെയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമാകുന്നത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോർപറേഷൻ തുടങ്ങി വച്ച ചലച്ചിത്രമേള 1998ൽ കേരള ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. തുടർന്നിങ്ങോട്ട് ഓടി മറഞ്ഞ 24 വർഷങ്ങൾ, ലോക സിനിമയുടെ ജാലകം മലയാളിയുടെ മുന്നിലേക്ക് തുറന്നിട്ടു. അതുകൊണ്ട് തന്നെ അടുത്ത വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സിൽവർ ജൂബിലി വർഷം വിപുലമാക്കാനുള്ള  ആലോചനയിലാണ് ചലച്ചിത്ര അക്കാദമി.

ടികെ രാജീവ് കുമാർ ചെയർമാനായി പബ്ലിക്കേഷൻ വിംഗ് ജനുവരി മുതൽ പ്രവർത്തനം ആരംഭിക്കും. മേളയുടെ 24 വർഷത്തെ ചരിത്രം വിളിച്ചോതുന്ന പ്രസിദ്ധീകരണങ്ങൾ, നിലവിൽ ലഭ്യമായ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ഡോക്യുമെന്ററികൾ. മേളയുടെ വരവ് അറിയിച്ച് നിരവധി വിളംബര പരിപാടികൾ. മേള ഡിസംബറിൽ ആണെങ്കിലും കുറഞ്ഞത് പത്ത് മാസത്തെകഠിനാധ്വാനത്തിലൂടെ മാത്രമേ സിൽവർ ജൂബിലി അവിസ്മരണീയമാക്കുന്നതിനും ഇതിലൂടെ കൂടുതൽ ഫണ്ട് സർക്കാരിന് ലഭ്യമാക്കും വിധം രൂപരേഖ സമർപ്പിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top