മരട് ഫ്‌ളാറ്റ് പൊളിക്കല്‍; കുണ്ടന്നൂര്‍ ജംഗ്ഷനില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ച് പ്രദേശവാസികള്‍

മരടിലെ ഫ്‌ളാറ്റുകളുടെ പരിസരവാസികള്‍ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടത്തി. ആല്‍ഫ ഫ്‌ളാറ്റ് പരിസരത്ത് നിന്ന് കഞ്ഞിക്കലവുമായി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തിയാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ്കണക്കിന് പേര്‍ പങ്കെടുത്തു.
മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സമീപം 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പരിസരവാസികള്‍ രൂപീകരിച്ച കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു കഞ്ഞിവച്ചുള്ള പ്രതിഷേധം. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത് മുതല്‍ വലിയ ആശങ്ക പരിസരവാസികള്‍ക്കുണ്ട്. ഫ്‌ളാറ്റ് പൊളിക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചപ്പോള്‍ തന്നെ പരിസരത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിരുന്നു.
ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് നല്‍കാനിരുന്ന ഇന്‍ഷുറന്‍സ് തുക 125 കോടിയില്‍ നിന്ന് 100 കോടി രൂപയാക്കി സര്‍ക്കാര്‍ വെട്ടിക്കുറക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ് പരിരക്ഷ തട്ടിപ്പാണെന്നാണ് പരിസരവാസികളുടെ ആരോപണം.
എല്ലാ നടപടികളും നാട്ടുകാരെ മുന്‍കൂട്ടി അറിയിക്കുമെന്നും നിയന്ത്രിത സ്‌ഫോടനത്തിന് മുന്‍പ് ബോധവത്കരണം നടത്തുമെന്നുമാണ് പൊളിക്കല്‍ ചുമതലയുള്ള സബ്കളക്റ്റര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പരിസരവാസികളെ അറിയിച്ചിരിക്കുന്നത്. വിവിധ സംഘടന പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും പരിസരവാസികള്‍ ഭയപ്പെടേണ്ട സാഹിചര്യമില്ലെന്നുമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here