താമരശേരി മേഖലയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി

താമരശേരി മേഖലയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമ്പോഴും നിയമം പാലിക്കാന്‍ പലരും തയാറാവുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധയില്‍ കണ്ടെത്തിയത്.

കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി പി ഷബീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സ്‌ക്വാഡുകളായി താമരശേരി മേഖലയില്‍ പരിശോധന നടത്തിയിരുന്നു. 65 നിയമലംഘനങ്ങള്‍ പിടികൂടി. ഇതില്‍ 25 കേസുകള്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതാണ്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചവരും പിടിയിലായിട്ടുണ്ട്.

ലൈസന്‍സും രേഖകളുമില്ലാതെയും നമ്പര്‍പ്ലേറ്റ് എടുത്തുമാറ്റിയും ഓടിച്ച ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. 65 കേസുകളില്‍ നിന്നായി 45500 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top