പൗരത്വ ഭേദഗതി നിയമം; അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും നിക്ഷിപ്ത താത്പര്യക്കാർ സമൂഹത്തെ വിഭജിക്കാനും കുഴപ്പങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നതും അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.
അഞ്ച് ട്വീറ്റുകളിലൂടെയാണ് പ്രധാനമന്ത്രി രംഗത്തു വന്നത്. “സംവാദവും ചർച്ചയും വിയോജിപ്പുമെല്ലാം ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്. പക്ഷേ, പൊതുമുതൽ നശിപ്പിക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതും അതിൻ്റെ ഭാഗമാവരുത്. പൗരത്വ ഭേദഗതി നിയമം വലിയ പിന്തുണയോടെയാണ് പാർലമെൻ്റിൽ ഇരു സഭകളും പാസാക്കിയത്. നിരവധി രാഷ്ട്രീയപ്പാർട്ടികളും എംപിമാരും ഇതിനെ പിന്തുണച്ചു. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഒരുമയുടെയും കരുണയുടെയും സാഹോദര്യത്തിൻ്റെയും ഭാരതീയ സംസ്കാരത്തിനെയാണ് ഇത് കാണിക്കുന്നത്”- മോദി പറഞ്ഞു.
“ഏത് മതത്തിൽ പെട്ടവനായാലും ഇന്ത്യക്കാരനെ ഈ നിയമം ഒരു തരത്തിലും ബാധിക്കില്ല. ഇന്ത്യക്കാരനായ ഒരാളും ഈ നിയമത്തെച്ചൊല്ലി ആശങ്കപ്പെടേണ്ട. രാജ്യത്തിനു പുറത്ത് വർഷങ്ങളോളം മതവിവേചനത്തിന് ഇരകളാക്കപ്പെടുകയും ഇന്ത്യയല്ലാതെ മറ്റെവിടെയും പോകാനില്ലാത്തവരുമായ ആളുകൾക്ക് വേണ്ടിയാണ് ഈ നിയമം.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വികസനത്തിനു വേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. പാവപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരുമായ ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാന്‍ അതാണ് ചെയ്യേണ്ടത്. നിക്ഷിപ്ത താത്പര്യക്കാര്‍ നമ്മളെ വിഭജിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും സമാധാനവും ഐക്യവും സാഹോദര്യവും പുലര്‍ത്തേണ്ട സമയമാണിതെന്നും മോദി പറഞ്ഞു.
ഊഹാപോഹങ്ങളില്‍നിന്നും തെറ്റായ പ്രവൃത്തികളില്‍നിന്നും അകന്നുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here