വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തിട്ടില്ല: ഡല്‍ഹി പൊലീസ്

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടികളില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്നും പ്രതിഷേധ സാഹചര്യത്തെ നേരിടാന്‍ ഏറ്റവും കുറഞ്ഞ പൊലീസ് സംഘത്തെ മാത്രമാണ് നിയോഗിച്ചതെന്നും ഡല്‍ഹി പൊലീസ് പിആര്‍ഒ എം എസ് രണ്‍ധാവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

30 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എസിപി , ഡിസിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഐസിയുവില്‍ ഗുരുതരാവസ്ഥിലാണെന്നും എം എസ് രണ്‍ധവ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പൊലീസ് നേരിട്ടത് അങ്ങേയറ്റം ക്രൂരമായ രീതിയിലാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞിരുന്നു.

സര്‍വകലാശാലക്കുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. ഈ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കല്ല, സര്‍വകലാശാല പൂര്‍ണമായും അവര്‍ക്കൊപ്പമുണ്ടെന്നും നജ്മ പറഞ്ഞു. ഇന്നലെ മാത്രം ക്യാമ്പസിനുള്ളില്‍ നിന്ന് 67 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top