Advertisement

‘രാഷ്ട്രീയ നാടകങ്ങൾ തുടർക്കഥ; എന്റെ ആശങ്ക കുട്ടികളെ ഓർത്ത്’: ജാമിഅ മില്ലിയ പ്രതിഷേധത്തെ പിന്തുണച്ച് ഇർഫാൻ പത്താൻ

December 16, 2019
Google News 3 minutes Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ ആശങ്കയറിയിച്ച ഇർഫാൻ പൊലീസ് നടപടൊയെ വിമർശിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയത്.

‘രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണ്. പക്ഷേ, തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണ്’- ഇർഫാൻ ട്വീറ്റ് പറഞ്ഞു. ജാമിഅ മില്ലിയ, ജാമിഅ പ്രൊട്ടെസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം പ്രതിഷേധങ്ങളെത്തുടർന്ന് സർവകലാശാലയിലേക്ക് ഇരച്ചുകയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചിരുന്നു. തുടർന്ന് 67 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തെത്തുടർന്ന് ഇവരെ ഇന്ന് രാവിലെ വിട്ടയച്ചു.

അതേ സമയം വിദ്യാർത്ഥികൾ അക്രമം നിർത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യങ്ങളിൽ വാദം കേൾക്കാം. സമാധാനപൂർവമായുള്ള പ്രതിഷേധങ്ങളെ എതിർക്കില്ല. ക്രമസമാധാനം നിലനിർത്തേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.

ഡൽഹി ജാമിഅ മില്ലിയയിലെ സംഘർഷത്തിനു പിന്നാലെ അലിഗഢിലും വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറിയിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും വിദ്യാർത്ഥികൾക്കും പരുക്കേറ്റു. തുടർന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. അലിഗഡ്, ജാമിഅ മിലിയ എന്നീ സർവകലാശാലകൾക്കു പുറമെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, യുപി നദ്‌വ കോളജ് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here