‘നിങ്ങൾ ഒറ്റക്കല്ല; ധീരമായി മുന്നോട്ടു പോകൂ’: വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഡൽഹി ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സർവകലാശാല വൈസ് ചാൻസലർ നജ്മ അക്തർ. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അവർ പ്രതികരിച്ചത്. പോരാട്ടത്തിൽ വിദ്യാർത്ഥികൾ ഒറ്റക്കല്ലെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥികളെ പൊലീസ് നേരിട്ടത് അങ്ങേയറ്റം ക്രൂരമായ രീതിയിലാണ്. സർവകലാശാലക്കുള്ളിൽ കടന്ന് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി അംഗീകരിക്കാൻ സാധിക്കില്ല. ഈ പോരാട്ടത്തിൽ വിദ്യാർത്ഥികൾ ഒറ്റക്കല്ല, സർവകലാശാല പൂർണമായും അവർക്കൊപ്പമുണ്ടെന്നും നജ്മ പറഞ്ഞു. പോരാട്ടം കഴിയും വിധമെല്ലാം മുന്നോട്ടു കൊണ്ടു പോകണമെന്നും ധീരമായി മുന്നോട്ടു പോകണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ ക്യാമ്പസിനുള്ളിൽ നിന്ന് 67 വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് അവരെ വിട്ടയച്ചു. ഞായറാഴ്ച വൈകിട്ടാണ് ജാമിഅ സർവകലാശാലയിലും പരിസരത്തും വിദ്യാർഥികൾക്കു നേരെ പോലീസ് നടപടിയുണ്ടായത്. പ്രക്ഷോഭകാരികൾ ബസുകൾക്ക് തീയിട്ടതിനെത്തുടർന്നാണ് പൊലീസ് സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ തിരിഞ്ഞത്. പോലീസ് മർദനമേറ്റ് നിരവധി വിദ്യാർഥികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിഅ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here