കേരളാ പൊലീസിന്റെ ശ്വാനസേനയിലേക്ക് 20 പുതിയ നായ്ക്കുട്ടികള്‍ കൂടി

പൊലീസിന്റെ കെ ഒമ്പത് സ്‌ക്വാഡിലേക്ക് (ശ്വാനസേന) പുതിയ 20 നായ്ക്കുട്ടികളെക്കൂടി ചേര്‍ത്തു. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ നായ്ക്കുട്ടികളാണ് എത്തിയത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡക്ഷന്‍ ബാഡ്ജ് അണിയിച്ച് നായ്ക്കുട്ടികളെ സ്വീകരിച്ചു.
സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന 12 പൊലീസ് നായ്ക്കളെ ഡി-ഇന്‍ഡക്ഷന്‍ മെഡല്‍ അണിയിച്ചു. ശ്വാനസേനയിലേക്ക് പുതിയതായി എത്തിയവയില്‍ ആഗോള ഭീകരന്‍ ബാഗ്ദാദിയെ പിടികൂടി വധിക്കുന്നതിലൂടെ താരമായ ബെല്‍ജിയം മലിനോയ്‌സ് ഇനത്തില്‍ പെട്ടവയും, മണം പിടിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ബീഗിള്‍, റെസ്‌ക്യൂ ഓപ്പറേഷനുകളില്‍ ഉപയോഗിക്കുന്നതിനുള്ള ലാബ്രഡോര്‍, എക്‌സോപ്ലോസിവ് ആന്‍ഡ് അറ്റാക്ക് വിഭാഗത്തിലേക്ക് ഉപയോഗിക്കുന്ന തമിഴ് നാട്ടിലെ ചിപ്പിപ്പാറ, കണ്ണി എന്നീ പ്രത്യേക ഇനം നായ്ക്കളുമുണ്ട്.
ഈ ഇനങ്ങളെ പുതുതായി ഉള്‍പ്പെടുത്തുന്നതോടുകൂടി ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നത നിലവാരമുള്ള ശ്വാനസേനയുള്ള സ്‌ക്വാഡുകളില്‍ ഒന്നായി കേരള പൊലീസ് കെ ഒമ്പത് സ്‌ക്വാഡ് മാറും. സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 12 പൊലീസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പൊലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്റ് ഹോം ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here