പൗരത്വ ഭേദഗതി നിയമം;ഭരണ-പ്രതിപക്ഷ മുന്നണികളുടെ സംയുക്ത പ്രതിഷേധം ഇന്ന്

കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പ്രതിഷേധം ഇന്ന്. ഭരണപ്രതിപക്ഷ മുന്നണികൾ സംയുക്തമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. നാടിന്റെ നിലനിൽപിന് വേണ്ടിയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധമാണ് സത്യഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് കേരളവും ഭരണ-പ്രതിപക്ഷ ഭേദമന്യേ രംഗത്തിറങ്ങുന്നത്. രാവിലെ പത്തിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സംയുക്ത സത്യഗ്രഹത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും നേതാക്കൾ അണിനിരക്കും. സാംസ്‌കാരികകലാസാഹിത്യ രംഗത്തെ പ്രമുഖരും ഉച്ചവരെ നീളുന്ന സത്യഗ്രഹത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു കരിനിയമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ലെന്ന് സത്യഗ്രഹത്തെക്കുറിച്ചെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ ഒറ്റക്കെട്ടായി പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. വലിയ പ്രക്ഷോഭങ്ങളുടെ തുടക്കംമാത്രമാണ് സത്യഗ്രഹമെന്നും അദ്ദേഹം കുറിച്ചു. പൗരത്വ നിയമഭേദഗതി കേരളം നടപ്പിലാക്കില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു ശേഷമാണ് സംയുക്ത പ്രതിഷേധമെന്ന ആശയത്തിലേക്ക് ഇരുമുന്നണികളും എത്തിച്ചേർന്നത്. പുതിയ സാഹചര്യം പ്രയോജനപ്പെടുത്താൻ തീവ്രനിലപാടുള്ള സംഘടനകൾ ശ്രമിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കേരളത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി ഉയരണമെന്ന വിലയിരുത്തലും സംയുക്ത പ്രതിഷേധത്തിനുള്ള വഴിയായി.
Story Highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here